ചെറുതോണി: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രം വിട്ടുനൽകുന്നത് സംബന്ധിച്ച് നടന്ന ചർച്ചയിൽ തീരുമാനമായില്ല. മൂന്നാർ ഡിഎഫ്ഒ യുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഇന്ന് വനം വകുപ്പ് മന്ത്രിയുമായി തിരുവനന്തപുരത്ത് ചർച്ച നടക്കും.
അഞ്ച് വർഷം മുമ്പ് വീടിന് മണ്ണെടുത്തതിന്റെ പേരിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ആദിവാസി വിഭാഗത്തിൽപെട്ട അജീഷിന്റെ ജെസിബി പിടിച്ചെടുത്തു. വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് അജീഷ് കഴിഞ്ഞ ദിവസം ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. മൂന്നാർ ഡിഎഫ്ഓ യുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ ഈ ചർച്ചയും വിജയം കണ്ടില്ല.
വണ്ടി പിടിച്ചെടുത്ത വനം വകുപ്പിന്റെ നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ സാജു വർഗീസ് പറഞ്ഞു. സർക്കാരിലേക്ക് വാഹനം കണ്ടുകെട്ടുമെന്നും അജീഷിന് കോടതിയെ സമീപിച്ച് ജെസിബി വീണ്ടെടുക്കാമെന്നും ഡിഎഫ്ഒ പറഞ്ഞു. ചർച്ചയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് യാതൊരു ഉറപ്പുകളും ലഭിച്ചില്ലെന്ന് അജീഷ് പറഞ്ഞു.
ഇന്ന് തിരുവനന്തപുരത്ത് വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ചർച്ചയിലാണ് ഇനി അജീഷിന്റെ പ്രതീക്ഷ.